തേർത്തല്ലി: ജൽജീവൻ പദ്ധതിയുടെ പ്രവർത്തി പുരോഗമിക്കുന്നതിനിടെ കനത്തമഴയിൽ മണ്ണും ചെളിയും വീട്ടുമുറ്റത്തേക്ക് ഒഴുകിവന്നത് വീട്ടുകാരെ ദുരിതത്തിലാഴ്ത്തി. മൗവ്വത്താനി കരിവേടകം തിമിരി റോഡിന് സമീപത്തെ തെക്കെ താന്നിക്കൽ ബാബുവിന്റെ വീട്ടുമുറ്റത്തേക്കാണ് മണ്ണും ചെളിയും ഒഴുകിയെത്തിയത്.
കഴിഞ്ഞ രാത്രിയിലെ കനത്ത മഴയത്താണ് സംഭവം.
റോഡിൽ ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിട്ട് മൂടിയ കുഴിയിൽകൂടി മണ്ണും ചെളിയും കനത്ത മഴയിൽ ബാബുവിന്റെ വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. ചെളിയും മണ്ണും ശക്തമായി ഒഴുകിവന്നതിനാൽ റോഡ് പൂർണമായി തകർന്നു. മണ്ണിട്ട് മൂടിയ പൈപ്പും കുഴിക്കു പുറത്ത് വന്ന നിലയിലാണ്.
അശാസ്ത്രീയമായ പ്രവർത്തിയാണ് വീട്ടുമുറ്റം ചെളിക്കുളമാകാൻ കാരണമെന്ന് പറയുന്നു. സംഭവസ്ഥലം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഐസക്ക് മുണ്ടിയാങ്കൽ, ലൂസി സാബു എന്നിവരും കൂടെയുണ്ടായിരുന്നു. അപകടാവസ്ഥ ഉടൻ പരിഹരിക്കുമെന്ന് കരാറുകാരൻ ബന്ധപ്പെട്ടവർക്ക് ഉറപ്പു നൽകി.